റാന്നി: റാന്നിയെ വിഴുങ്ങിയ പ്രളയത്തേത്തുടർന്ന് വളരെയേറെ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും മോചിപ്പിക്കാൻ ഏറെ സംഭാവന ചെയ്തത് പഴവങ്ങാടി പഞ്ചായത്തും ഹരിതകർമസേന അംഗങ്ങളുമാണെന്ന് പഴകുളം മധു എംഎൽഎ.
പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്കുനൽകിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന്റെ അവശേഷിപ്പുകൾ വളരെ വേഗം മാറ്റി ശുചിത്വമുള്ള പ്രദേശമാക്കി മാറ്റുവാൻ യുദ്ധ സന്നാഹത്തോടെ പ്രവർത്തിച്ചത് ഹരിതകർമ സേനാംഗങ്ങളാണ്. വെള്ളം കയറിയ വീടുകളിൽ നിന്നും കടകളിൽ നിന്നും മാലിന്യങ്ങൾ ദിവസങ്ങൾക്കകം എടുത്തുമാറ്റിയത് മാതൃകാപരമാണെന്നും പഴകുളം മധു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ ഏബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി. നായർ, സ്ഥിരം സമിതി അധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ ബിനിറ്റ് മാത്യു, അനി സുരേഷ്, അന്നമ്മ തോമസ്, എം.റ്റി. സതീഷ്, ആതിര എസ്. നായർ, പ്രിയ ഷാജി, ജോയ്സി ചാക്കോ, സൂസമ്മ ജോൺസൻ, ജിജി വർഗീസ് പഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാർ വി, ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ സുധീഷ്, ഹരിത കർമസേന അംഗങ്ങളായ ലാലി പ്രദീപ് ലീലാമ്മ ദാനിയേൽ തനുജ എന്നിവർ പ്രസംഗിച്ചു.